Tuesday, March 8, 2022

പൊതിച്ചിൽ

ഇരുളില്‍ വാക്കുകളുമുടയാടയുപേക്ഷിക്കുന്നു
തെറുത്തുവെച്ചിട്ടും പായയില്‍ വെളിച്ചം ചുരുണ്ടുറങ്ങുന്നു
ജനാലയിലൂടെ കാറ്റുകൈവിരല്‍ കടത്തി കൊളുത്തൂരുന്നു
പടിക്കലെ ശബ്ദം ചുമച്ചു മടങ്ങുന്നു.
മധുരമൊക്കെയും പൊളിച്ചെടുത്തു നീ
തിരിഞ്ഞു നോക്കുമ്പോൾ പൊടിപറ്റിക്കരയണം



രക്ത പ്രകാശം





 

Monday, February 14, 2022

നിനക്ക് മറക്കാൻ

 നിനക്കറിയുമോ

എന്നെനിക്കറിയില്ല.


നീ തന്ന അല്ലിയിൽ

പ്രണയത്തിൻ്റെ ഒരു കുഞ്ഞു തുടിപ്പുണ്ടായിരുന്നു.

രക്തഭിത്തിയുടെ ഉൾപ്പൊരുൾ നീ വായിച്ചിട്ടുണ്ടോ

എന്നും അറിയില്ല.


നീ മറന്നുവോ

എന്നുമറിയില്ല.

ഓർമ മുദ്രണമില്ലാത്ത പുസ്തകത്തിൽ 

ഏതോ അജ്ഞാത പ്രണയിയുടെ കുറിപ്പ്:

"അനാഥ ശിശുക്കളുടേതുമാണ്

ഈ ലോകം"


Sunday, February 13, 2022

ഉൾവനത്തിൻ്റെ നീല ഞരമ്പ്

ഇന്ന് 

പുഴ കാടിനെ മറന്ന ദിനം.
കാട് ഇലമർമരവും ജീവതാളവും 
ഭ്രാന്തമായി വിരിഞ്ഞ രതിപ്പൂക്ക
ളുമാണ്
കാട്ടൂഞ്ഞാൽ കിതപ്പാണ്.


പുഴയുടെ മനക്കണ്ണാടിയിലാണ്
കാട് ചേലമാറിയതും
അന്തിപ്പൂ ചൂടിയതും
ആർദ്രമായി  ഉള്ളിൽ ചിരിച്ചതും.

നിലയില്ലാ നിലാവത്ത്
 ഹൃദയ വേരുകളാൽ
പുഴയുടെ ഉൾക്കുളിരിലേക്ക് രഹസ്യം പറയുമായിരുന്നു.

പച്ചപ്പുഴയാണ് കാട്
ഒഴുകുന്ന വനസ്മൃതികളാണ്  പുഴ
ഉടൽപ്പച്ചയിലെ
നീല ഉയിര്

എന്നിട്ടും
എല്ലാ ദിനവും ഒന്നായി മാറുന്ന
ഇന്ന്!



Wednesday, August 26, 2020

ഇരുളിലേക്കൊരിക്കല്‍

രോഗവും പ്രായവും തമ്മില്‍
കഥാകളി
കളി നിയമം ലളിതം
കഥയ്കിടയില്‍ രോഗം അപ്രതീക്ഷിത വിരാമ ചിഹ്നം ഇടും
മഷി ഉണങ്ങും മുമ്പേ അതു മറ്റൊന്നാക്കണം
തുടരണം
ഒരിടത്തൊരിടത്തൊരിക്കല്‍ എന്നാരഭം
കഥ മാന്ത്രികപരവതാനിയിലേറി നക്ഷത്രത്തിളക്കമായി പറന്നു
അലാവുദ്ദീന്റെ വിളക്ക് അത്ഭുതപ്പെട്ടു
അതാ പരവതാനിയുടെ നെഞ്ചില്‍ ഒരു കുത്തുവീഴുന്നു.
ഞൊടിയിടയില്‍ മീതേ പ്രണയം കുറുകിയ  വര ചേർക്കപ്പെട്ടു
വിസ്മയ വിഷാദ സന്തോഷ സ്തോഭമായി
പരവതാനി മേഘജാലങ്ങള്‍ തൊട്ടെണ്ണി കടന്നു പോയി
കടല്‍ത്തിരകളിലതു  തോണിയായി 
ഓളപ്പരപ്പിലെ ചടുലതാളത്തിനിടയില്‍
നിലാത്തോണിയില്‍ ഒരു ഇടിമിന്നല്‍ക്കുത്തു വീണു.
നോവ് തുളഞ്ഞിറങ്ങും മുമ്പേ കടലാഴം പൂത്തിരികത്തിക്കും മുമ്പേ
വളഞ്ഞ നട്ടെല്ലൂരി ചേർത്ത് ചോദ്യചിഹ്നമാക്കിയും
പിന്നെ കീഴ്മേല്‍ മറിഞ്ഞ് ചൂണ്ടയാക്കിയും
മത്സ്യകന്യക്കൊപ്പം നീലിമയായി നടനമാടി.
കൈനീട്ടിയ കാറ്റിനൊപ്പം വിരല്‍കൊരുത്തുയര്‍ന്ന്
ഋതുക്കള്‍ പരീക്ഷണം നടത്തും കാനനപ്പച്ചയായി.
പൂപ്പൊന്തയില്‍  മദിച്ച ഗന്ധത്തില്‍ നീരാടവേ
എട്ടുദിക്കും ഞെട്ടിപ്പൊട്ടുമൊരുട്ടഹാസം തുരുതുരാ കുത്തി
കുത്തുകൊണ്ടാസകലം മുറിഞ്ഞിഴിയവേ
സൗഹൃദവേരാഴ്ത്തിയങ്കുശ പ്രതീക്ഷ കോരിയെടുത്തു.
കാലില്‍ ശരമേറ്റ അശ്വം ചിറകില്‍ വേഗം തേടി
ചിറകിലോ ശരങ്ങളുടെ തൂവലുകള്‍
അറ്റുപോയ വാലു വരച്ച് അർധവിരാമമാക്കി
ബാക്കിദൂരത്തിലേക്ക്
കാഴ്ച നീട്ടി.
രോഗം കണ്ണിന് ഒത്തനടുവില്‍ത്തന്നെ കുത്തി
കാഴ്ച വിരമിച്ചു
കഥയാകെ ഇരുട്ടായി.

Friday, March 15, 2019

ഓര്‍മച്ചുണ്ടുകള്‍

ആദ്യം അഴുകിപ്പോകുന്നതൊരുപക്ഷേ ഈ ചുണ്ടുകളാകും
അസ്തമയച്ചോപ്പുകളിലലിഞ്ഞവ
ഉള്‍ക്കാതിലേക്ക് കടല്‍രഹസ്യം മൊഴിഞ്ഞവ
പ്രാണവായുവൂതിയുലതെളിയിച്ചവ
പ്രണയോദയങ്ങളിലാനന്ദം വിതുമ്പിയവ
മഴക്കിലുക്കത്തിലുരുമ്മിയുണര്‍ന്നവ
രക്തരുചിയില്‍ നൊന്തുയുയിര്‍ത്തവ 
തിരുനെറ്റിയില്‍ വീണ രാവിന്റെ പ്രണയാധാരം 
ആദ്യം അഴുകിപ്പോകുന്നതൊരുപക്ഷേ ഈ ചുണ്ടുകള്‍ തന്നെയാകും
അപ്പോള്‍
ചുണ്ടുകളുടെ മേല്‍ ഓര്‍മവിത്തുകളുടെ വേരുകള്‍ പടരാതിരിക്കില്ല



ഞാന്‍ നിന്നെക്കുറിച്ചേറെ പറഞ്ഞിട്ടില്ല
നിന്റെ ശരീരത്തെക്കുറിച്ചൊട്ടുമേയും
പിന്നൊരിക്കല്‍ പറയാനവശേഷിച്ചില്ലെന്നിരിക്കാമതിനാല്‍
ഇന്നു പറയാം
നിന്റെ ചുണ്ടുകളെക്കുറിച്ച്


ചുണ്ടുകൾ എത്ര വിലക്കിയാലും
കാറ്റിനെപ്പോലെ വർത്തമാനം പറഞ്ഞു കൊണ്ടേയിരിക്കും
ഈ കണ്ണാടിയിൽ നോക്കു
സൂക്ഷിച്ചു നോക്കൂ
ചുണ്ടുകളിലേക്ക് തന്നെ നോക്കൂ
കണ്ണിമ പറിക്കാതെ നോക്കു
! ചുണ്ടിന്റെയിരു വശത്തും നോക്കൂ
തിരകളിലേക്ക് ഹൃദയം തുഴയുന്ന തോണി.
അതിൽ നിന്നും പറന്നുയരുന്ന ചിറകടികൾ
ഹംസ ദൂതിന്റെ മഹാഗാഥകൾ മറിക്കൂ



ദേ ,ഒരു പുഞ്ചിരിപ്പൂവ് വിരിയാൻ തുടങ്ങുന്നു
അത് മൂടിവെക്കാൻ പാടുപെടുന്ന ചുണ്ടുകൾ
ചെറു കാറ്റിലിളകുന്ന നിലാവിലാരോ ചിലങ്കകെട്ടുന്നു.
ചുണ്ടുകള്‍ താളമാകുന്നു.


മറഞ്ഞ നാടുകൾ കണ്ടെത്തിയ പ്രാചീന സമുദ്ര സഞ്ചാരി
നൗകയടുപ്പിച്ച തീരവിസ്മയം .
ശരിക്കും എത്ര മനോഹരമാണ് ഈ ചുണ്ടുകൾ.
മറ്റാർക്കുമില്ലാത്തത്ര നിഷ്കളങ്കത മാർദവപ്പെട്ടത്
പരിശുദ്ധിയുടെ ചുംബനം കൊണ്ട് തുടുത്തത്
പനിനീർ ചാമ്പക്കയുടെ മനത്തിളക്കം
കാത്തു കാത്തു പൂത്തയപൂർവ്വ പുഷ്പം
ഇത്തരം വിശേഷണങ്ങൾ കൊണ്ട് 
കവികളെത്ര പാടിയാലുമത് പോരാതെ വരും.


സൂക്ഷിച്ചു നോക്കൂ
ദേഷ്യത്തിന്റെ പ്രഭാത നാളം കീഴ്‌ച്ചുണ്ടിലുണരാൻ തുടങ്ങുന്നു
ഉം
നാരുകൾ കൊണ്ട് തുന്നാരൻ കിളി ചെയ്യും പോലെ ചുണ്ടുകൾകൂട്ടിത്തുന്നിവെക്കണം,
പക്ഷെ
 സ്നേഹാകാശത്തേക്കുള്ള ജാലകമില്ലാതെ അതിന്റെ പൂർണത?



നിന്നോടു തോറ്റു
വഴക്കാളി
അനുസരണയില്ലാത്തത്
എന്തൊക്കെ വേണമെങ്കിലും പറഞ്ഞുകൊള്ളുക
എങ്കിലും പരിധി വിട്ട്
ചുണ്ടുകളെ ശാസിക്കരുത്
കാരണം അത് പങ്ക് വെക്കപ്പെട്ടത്.
ഇരു ശരീരങ്ങളായവ ലയിച്ചു കൊണ്ടിരിക്കും
ലയിച്ചു കൊണ്ടേയിരിക്കും...



ഓ എന്തിനാണ് വെറുതേ ഓര്‍മകളില്‍ ചുണ്ടൊപ്പുന്നത്?
മൗനത്തിന്റെ പുതപ്പുമൂടിയ ചൂണ്ടുകളെ പ്രകോപിപ്പിക്കാന്‍
എത്രനാളായി ശ്രമിക്കുന്നു?
ചുണ്ടുകള്‍ കൊഴിഞ്ഞ വന്മരം തണലിനെ ക്ഷണിക്കുന്നില്ല
പറവകള്‍ മറന്ന ആകാശത്തിലേക്കിടിവെട്ടിപ്പൊളളിയെന്‍ ചുണ്ടുകള്‍ പാറുന്നു



ഓർമകളെ പരിഹസിക്കരുതെന്ന്
മരിച്ചാലും വർത്തമാനം പറയുന്ന ചുണ്ടുകൾ ഓര്‍മിപ്പിക്കുന്നു




Monday, September 10, 2018

കാക്കി നിക്കര്‍


അമ്മ പത്രക്കടലാസില്‍ പൊതിഞ്ഞാണ് കൊണ്ടുവരിക
പൊതിയഴിക്കുമ്പോള്‍
പുത്തന്‍മണം
വളളിനിക്കര്‍..
കൊതിയോടെ ഇട്ടു നോക്കും
അമ്മയുടെ മുന്നില്‍ തിരിഞ്ഞു മറിഞ്ഞും നില്‍ക്കും
തയ്ചത് കൊളളാം. അടുത്ത വര്‍ഷോം ഇടാം
കാക്കിയല്ലേ ഉടനെങ്ങും കീറില്ല
അമ്മ ദീര്‍ഘദര്‍ശനം ചെയ്യും.
ഈ കാക്കി നിക്കര്‍ എന്റെ കുട്ടിക്കാലത്തിന്റെ
ആല്‍ബമാണ്.
ശരിക്കും പറഞ്ഞാല്‍ അന്ന്
കാക്കിനിക്കര്‍പ്പോക്കറ്റ് ഒരത്ഭുതം തന്നെയാണ്

എന്തെല്ലാമാണ് അതിലുണ്ടായിരുന്നതെന്നോ?
മൂന്നു കുഴികളിലുന്നം പിടിച്ച ഗോലിക്കുതിപ്പ്,
നെഞ്ചുരച്ച് കയറിയടര്‍ന്ന നെല്ലിക്കാമധുരം
കല്ലേറിന്റെ ഊക്കറിഞ്ഞ പറങ്കിയണ്ടിച്ചുന,
കാത്തുപ്രാര്‍ഥിച്ചു കിട്ടിയ കൊതിപ്പാതിയുടെ
ഓര്‍മയായൊട്ടിയമാങ്ങാക്കറ,
കരിയെഴുതിയ കുന്നിക്കുരുക്കൂട്ട്,
പൊട്ടിക്കരഞ്ഞ പട്ടച്ചരട്,
ഈര്‍ക്കില്‍ മുനയില്‍ നൊന്ത മച്ചിങ്ങാക്കൂട്ടം,
പുഴയില്‍ മുങ്ങിക്കുളിച്ചു മിനുസപ്പെട്ട ഉരുളന്‍ കല്ല്,
കൂട്ടുകാരിക്ക് കരുതിയ പകുതി കടിച്ച പേരയ്ക
തോടന്‍പുളിയുടെ പൊടിഞ്ഞ തോടുകള്‍
അപ്പൂപ്പന്‍ താടിയുടെ ഇഴപിരിവുകള്‍,
ഉത്സവപ്പറമ്പിലെ വര്‍ണക്കടലാസുകള്‍
തീപ്പെട്ടിച്ചിത്രങ്ങളിലെ പക്ഷികള്‍, മൃഗങ്ങള്‍
അതെ എന്റെ കാക്കി നിക്കര്‍പ്പോക്കറ്റിലന്ന്
സ്വപ്നം സ്വപ്നത്തെ കണ്ടിരുന്നു

ശരിക്കും പറഞ്ഞാലിന്നും
കാക്കിനിക്കര്‍പ്പോക്കറ്റ് അമ്പരപ്പിക്കുന്ന ഒരു അത്ഭുതം തന്നെയാണ്

എന്തെല്ലാമാണ് അതിലുളളതെന്നോ?
ഇളം നെഞ്ചു പിടച്ച തൃശൂലമാതൃക 
രുദ്രാക്ഷങ്ങളുടെ സമാധിനേത്രങ്ങള്‍
ചിന്നിച്ചിതറിയ അവയവങ്ങളില്‍ നിറംകൊണ്ട രക്തചന്ദനക്കഷണങ്ങള്‍
അവിശ്വാസിയുടെ കണ്ടതാളം മുറുക്കിയ കരിഞ്ചരടുകള്‍
ഹൃദയത്തിനു നേരെ കൈകൂപ്പിയ വെടിയുണ്ട
അധസ്ഥിതദൈവത്തിന്റെ അറ്റു പോയ അനുഗ്രഹവിരല്‍
എങ്ങലടികളുടെ ശിക്ഷാബന്ധനം
സ്നേഹചുംബനക്കൊതികളെ കൊത്തിച്ച തച്ച
കുറവടിതാണ്ഡവനടനക്കാഴ്ചകളുടെ പെന്‍ഡ്രൈവ്
ഗസല്‍സന്ധ്യയ്ക്  മീതേ പൊഴിച്ച കുറുനരിക്കൂവല്‍ വിസില്‍
ഭാരംകൊണ്ട് ഭാരതഭൂപടം പോലെ താഴേക്ക് തൂങ്ങിയ പോക്കറ്റ്
അതെ കാക്കി നിക്കര്‍പ്പോക്കറ്റിലിന്ന്
ദുസ്വപ്നം ദുസ്വപ്നത്തെ കാണുന്നു