Friday, November 12, 2010

ഗന്ധര്‍വ സന്ദര്‍ശനം


പ്രകാശ ബന്ധങ്ങള്‍ക്ക് മേല്‍
വന്മരങ്ങളെ കിടത്തി ഉറക്കി
പൂക്കാത്ത കൊന്നകളെ കുലുക്കി ഉണര്‍ത്തി
ഒരു കാറ്റാഞ്ഞു വീശും
മേഘത്തിന്റെ അകമ്പടി ഇല്ലാതെ
ഒരുശിരന്‍ മഴ പൊട്ടി വീഴും
ഇടിനാദം ഇരുള്‍ പിളര്‍ത്തും
പോന്മിന്നാല്‍ ചൂട്ടു വീശി പാത തെളിയും
പിടിച്ചു നിറുത്തിയ പോലെ മഴ നിലയ്ക്കുമ്പോള്‍
അവന്‍ കാലു കുത്തിയെന്ന് നിശ്ചയം


മേല്‍ കീഴ് പാര്ശ്വാനുഭവങ്ങളുടെ
ഓരോ കണികയും അളന്നറിഞ്ഞു അവന്റെ പ്രയാണം
കാതു ചേര്‍ത്ത് വെച്ചാല്‍ അവനറിയാന്‍ കഴിയും
ഉള്ളിലുറവകള്‍ പൊടിയുന്ന നേരിയ ശബ്ദം
ഇട നെഞ്ചുകളില്‍ ഇടം തേടി അവന്റെ ചുവടുകള്‍


ഇരുള്‍ മഴയില്‍ നനയാനിറങ്ങിയാകെ
കുതിര്‍ന്നു പോയ ഒരുവള്‍
പൂര്‍വനിശ്ചിതജന്മപ്രതീക്ഷകളുമായി
സ്വയം മറന്നു അവനിലൊഴുകി എത്തി
ഓരോ അനുഭവ ബിന്ദുവിലും വിയര്‍ക്കും


അവളെ അവന്‍ ഏറ്റെടുക്കും
പുലരിയില്‍ പോലീസായി അവന്റെ വേഷപകര്‍ച്ച
മോര്‍ച്ചറിയില്‍ കാവല്‍ക്കാരനായി...
അതെ, അവളെ അവന്‍ കൈ വിടില്ല
-----------------------------------------------
പച്ചക്കുതിര പ്രസിദ്ധീകരിച്ചത് (2009)

No comments: