Friday, November 19, 2010

ബധിരാന്ധമൂക


ഴി ദോഷങ്ങള്‍ പടി കയറാത്ത പുലരിയില്‍
അരുവിനീരായി തെളിഞ്ഞ വാക്കിവള്‍.


പച്ച ജീവിതം മുഖാമുഖക്കാഴ്ചകള്‍
അന്നവസ്ത്രാദി മുട്ടും പ്രാര്‍ഥനാനാളങ്ങള്‍
കണ്‍മഷി കലങ്ങികറുത്തു പോം പാതകള്‍.
രാവിന്‍റെ ഭാരം ചാരും വാതില്‍വിടവിലൂ-
ടായിരം കണ്ണുകള്‍ നീട്ടുന്ന നാവുകള്‍.

പൊന്‍വെയില്‍ വിളറും സായന്തനം
ഉമ്മറത്തിണ്ണയില്‍ നിഴല്‍ മുട്ടുന്നാരോ പേശുന്നൂ.
ഏതോ ഒരുവന്‍ എന്റെ മേനിക്കു
പൊന്നിന്റെ മേലൊപ്പ് ചോദിപ്പൂ...
വന്ധ്യമാം കാറ്റ് ചേക്കേറും ചില്ലകള്‍


കരിമേഘപന്തലില്‍ ശിരസ്സ്‌ വാടി
കനല്‍ചരടില്‍ അകംപുറം പൊള്ളി
പൂക്കള്‍ വിതുമ്പും ചാപ്പ കുത്തും മുഹൂര്‍ത്തം
അവന്‍ വരിച്ചതെന്തേ, ഞാന്‍ ത്യജിച്ചതെന്തേ?


സൂര്യ തേരിന്‍ ചക്രച്ചതവില്‍ ധൂളി പാറുന്നൂ
നാമ്പ് നുള്ളി ഇലകോതി കമ്പൊടിച്ചു
തടിയറുത്തു വേരിളക്കി ജാതകം ചികഞ്ഞു
പെറ്റുകൂട്ടുന്നൂ ചോര മണക്കും വാക്കുകള്‍, മൃഗതൃഷ്ണകള്‍ ..

തിളക്കവും തിലകവും മങ്ങും ദിനങ്ങള്‍
കെട്ടു പോകുന്നുവോ എന്‍ നിലാത്തളിര്‍വെട്ടവും
എന്നരുമായാം കന്നി സ്വപ്നപ്പെന്കുരുന്നിനെ !.. ..
മുടി പകുപ്പിലൂടിറ്റു വീഴുന്നൂ എന്‍ തിരുനെറ്റിയില്‍
ഒരു തുള്ളി ഭ്രൂണശാപശോണിമ..


ഞാന്‍ ബധിരാന്ധമൂക
ഇരുള്‍ തളിര്‍ക്കും വഴിയോര നിഴല്‍ മരം.


നേര്‍ത്തതെന്തോ ഉള്‍ക്കാതില്‍ പതിക്കുന്നു
ചേര്‍ത്തു പിടിക്കുന്നരൂപികള്‍ അമ്മമാര്‍



---------------

1 comment:

Unknown said...

എല്ലാ വ്യഥകളേയും നന്നായ് വരച്ചു, ഈ കവിതയിലൂടെ.
ആശംസകള്‍