Friday, December 23, 2011

എന്താണ് മൌനം ?

അതിരാവിലെ മുതല്‍ .?...
വാതിലടച്ചുപൂട്ടിയ വാക്കുകളുടെ ദീര്‍ഘനിര്‍വികാരത.
വിശദീകരണം തേടിയ  ഫോണിന്റെ നാവും കാതും
പല്ലിവാല്‍ പോലെ മുറിഞ്ഞു  വീണു പിടച്ചു
സന്ദേശങ്ങളുടെ പ്രവാഹം പടിക്കല്‍ തലചിതറി
ചോര പൊടിഞ്ഞു വിലപിച്ചു  .

എന്താണ്  മൌനം ?
കുട്ടിക്കാലം മുതല്‍ ചോദിച്ചിട്ടുണ്ട് പലരോടും
ചിറകടിച്ചെത്തി ദലങ്ങളില്‍ സ്പന്ദിച്ച
ചിത്രശലഭം ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു പറന്നു.
പുഴുവിനോട് ചോദിക്കാന്‍ ദുസൂചന .
പുഴു ഇലപ്പച്ചത്തളിരിന്നടിയിലേക്ക് വഴുതിമാറി ..    
പുഴുവിനും പൂമ്പാറ്റയ്ക്കും  ഇടയിലുള്ള മൌനം.
പക്ഷെ അതു എന്റേതല്ല

ഉത്സവപ്പിറ്റേന്നു കൊടുംകാറ്റ് കൂട് കെട്ടുന്ന മരക്കൊമ്പ് തേടിയ
അമ്മ , തലയിണയ്ക്കടിയില്‍ വെച്ചു പോയ  കടലാസിലെ
പിടിവള്ളി പൊട്ടിയ  നനഞ്ഞു പടര്‍ന്ന  വാക്കുകള്‍  -
"പൊറുക്കുക,  പൊറുക്കുക " ..ശേഷം അവ്യക്തം.
അമ്മ എഴുതി വെട്ടിക്കളഞ്ഞ അവസാന വരിയാണോ മൌനം.?
മൌനത്തിന്റ്റ് അമ്മ ആരാണ് ?

 മരണം പ്രസവിച്ചിട്ട വാക്കാണോ മൌനം ?

പൌര്‍ണമിയുടെ  മഞ്ചലില്‍ പ്രണയവും
മൌനത്തിന്റെ ശിരോവസ്ത്രം അണിഞ്ഞു യാത്ര ചെയ്യാറുണ്ട് .
ഇരുളും വെളിച്ചവും വായ്‌ പൊത്തി നിന്നിട്ടും
നക്ഷത്രങ്ങളിലേക്കു ഒളിച്ചോടാന്‍ ഭയന്ന ജീവിതം
ചുരുട്ടി എറിഞ്ഞ
മോര്‍ച്ചറിയിലേക്കുള്ള നോവാണോ മൌനം ?

മുള്‍ക്കിരീടത്തി
ന്‍റെയും ആണിമൂര്‍ച്ചയുടെയും
വിശുദ്ധമായ  അത്താഴവിരുന്നില്‍  എനിക്ക് വിളമ്പിയ
ഉപ്പു ചേര്‍ക്കാത്ത ഉദാരമായ സഹതാപം .
പ്രജ്ഞയില്‍ നിശബ്ദതയുടെ  ഒരില പൊടിയുന്നു
ഒറ്റ ഇലയുള്ള മഹാ വൃക്ഷമായി പന്തലിക്കുന്നു
അതില്‍ വംശ നാശം വന്ന അസംഖ്യം വാക്കുകള്‍
ചുള്ളിക്കമ്പുകള്‍ കൊണ്ട് പണിഞ്ഞ  ഒഴിഞ്ഞ കൂട്

എനിക്കറിയാം ..
ചിറകില്ലാത്ത പറവയ്ക്ക്  
ആകാശം  കൊടുക്കുന്ന എന്തോ അതാണ്‌   മൌനം .
 
അതേ ,മൌനത്തിന്റെ മൌനമാണ് മൌനം
 

1 comment:

Preetha tr said...

മാഷിന്റെ മൗനത്തിൻ്റെ definitions പ
ല കവിതകളിൽ വായിച്ചു. Amazing n thought provoking.ഈ poem..ലെ "ചിറകില്ലാത്ത പറവക്ക് ആകാശം കൊടുക്കുന്നത് എന്തോ ആണ് മൗനം"എന്ന വരി... എന്താ പറയുക മാഷേ? വായനക്കാരെ ഒരുപാട് ചിന്തിപ്പിക്കും. Beautiful poem as usual.