Friday, December 30, 2011

നേരുന്നു ഞാന്‍ നിനക്ക് മാത്രമായി

നിനക്ക് മാത്രമായി നേരുന്നു ഞാന്‍
വെളിച്ചം തൊട്ടില്‍ കെട്ടിയാടും
പൊന്‍ പുതുവരിഷജീവസ്പന്ദനക്കതിരുകള്‍ .., 

ഗഗനഗീതം പെയ്തിറങ്ങും മാരിവില്ലിന്‍ മധുസന്ധ്യയി -
ലൊരു ചുവടായിരുമെയ്യുകള്‍ കോര്‍ത്തു നീങ്ങും തീരം ,
വിരലുഴിഞ്ഞു കുസൃതി പൂക്കും മണല്‍ശയ്യയി,ലൊന്നായി
കണ്‍കളില്‍ തിരയടിക്കും പ്രണയനോവിന്‍ കണങ്ങള്‍ .
.

നിനക്ക് മാത്രമായി നേരുന്നു  ഞാന്‍
മഹാ വ്യഥകള്‍ മറക്കും മന്ത്രസ്പര്‍ശം.
മറക്കുക അഗ്നിശൈലം കടഞ്ഞു നീട്ടിയ പുരാണങ്ങള്‍ 
മൂളിപ്പ
ന്നെത്തി കൊത്തും ശരമുനകള്‍ ,
പഴങ്കലത്തില്‍ വറ്റ് തെടിപ്പരതിമടങ്ങും ഓര്‍മ്മകള്‍ ,
കുലമുടഞ്ഞ കടങ്കഥയില്‍  കുഴഞ്ഞു വരളും തണലുകള്‍ . 


നിനക്ക് മാത്രമായി നേരുന്നു ഞാന്‍
പഴിമഴയില്‍ കിളിര്‍ക്കും ചതിച്ചിരി പുഷ്പതാലം നീട്ടും
വഴിയൊഴിഞ്ഞു പോകാനുള്ളയുള്‍ക്കണ്‍
തെളിച്ചം .
നോക്കാതിരിക്കട്ടെ  ,കാണ്മാതിരിക്കട്ടെ
തെന്നലിന്‍ തേങ്ങല്‍ കുറുകിയിരുളു തിളയ്ക്കും കടലില്‍
പാദമിടറിക്കുതിപ്പടങ്ങി ആവിപൂക്കും 
തിരകള്‍ . 
ഇലമിഴികള്‍ കൂമ്പി വാടും വെയില്‍ തല ചായ്ക്കും 
അന്ധകാരപെരുംവൃക്ഷം നഖംനീട്ടും ശാഖകള്‍ . 

നിനക്ക് മാത്രമായി നേരുന്നു ഞാന്‍
ചന്ദനം കുറി തൊട്ട സ്വപ്നയാത്രകള്‍ 

വാങ്ങാതിരിക്കട്ടെ , ദാനമായി നീട്ടും മാരീചോല്പന്നങ്ങള്‍ , 
ഇണകള്‍ കരളില്‍ ചൂടഴിക്കും ശോകമൂകം കണ്ണാടികള്‍ ,
ഒറ്റികൊടുക്കും കരിങ്കാക്കക്കൊക്കില്‍ കൊര്‍ത്തെറിയു-
മെ
ച്ചില്‍വാക്കിന്‍  മുനമുട്ടി കാതു പൊട്ടും ചങ്ങാത്തങ്ങള്‍ . 

എന്തേ മൌനം ?  
കുരലില്‍ കുടുങ്ങിയോ കഠിനമാം ദുഃഖവിത്തുകള്‍  ? 
വട്ടം ചുഴറ്റിയന്നനാളം ചികഞ്ഞു  കുടല്‍ കുടഞ്ഞോക്കാനിച്ചൂ ,
ഒരു ചെങ്കനല്‍കട്ടച്ചോര പശ്ചിമഭിത്തിയില്‍ പടരുന്നുവോ  ?
കടലാകെ  പരക്കുന്നുവോ ?..
മുത്തേ  മുക്തമാകുക ..വെറും തോന്നലിന്‍ തോന്ന്യാസങ്ങള്‍ 


നിനക്ക് മാത്രമായി നേരുന്നു ഞാന്‍
കല്ലോലങ്ങളില്‍ പുണ്യസ്നാനം ചെയ്തുദിക്കും
നവവര്‍ഷഹൃദയരാഗരശ്മിക്കുളിരുക
ള്‍
നിദ്ര തിങ്ങും കണ്കളിലധരമുദ്ര സുവര്‍ണ ദീപനാളം
നിത്യവും കൊളുത്തിയുണര്‍ത്തും പ്രണയവാക്കിന്‍ പുലരികള്‍ ,
കാനനങ്ങള്‍ നെയ്തെടുക്കും ഋതുവര്‍ണ
ത്തിരുവ്സ്ത്ര- 
ണിയിക്കും കണിക്കൊന്നപ്പൂങ്കുലദിനങ്ങള്‍
 

  

Friday, December 23, 2011

എന്താണ് മൌനം ?

അതിരാവിലെ മുതല്‍ .?...
വാതിലടച്ചുപൂട്ടിയ വാക്കുകളുടെ ദീര്‍ഘനിര്‍വികാരത.
വിശദീകരണം തേടിയ  ഫോണിന്റെ നാവും കാതും
പല്ലിവാല്‍ പോലെ മുറിഞ്ഞു  വീണു പിടച്ചു
സന്ദേശങ്ങളുടെ പ്രവാഹം പടിക്കല്‍ തലചിതറി
ചോര പൊടിഞ്ഞു വിലപിച്ചു  .

എന്താണ്  മൌനം ?
കുട്ടിക്കാലം മുതല്‍ ചോദിച്ചിട്ടുണ്ട് പലരോടും
ചിറകടിച്ചെത്തി ദലങ്ങളില്‍ സ്പന്ദിച്ച
ചിത്രശലഭം ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു പറന്നു.
പുഴുവിനോട് ചോദിക്കാന്‍ ദുസൂചന .
പുഴു ഇലപ്പച്ചത്തളിരിന്നടിയിലേക്ക് വഴുതിമാറി ..    
പുഴുവിനും പൂമ്പാറ്റയ്ക്കും  ഇടയിലുള്ള മൌനം.
പക്ഷെ അതു എന്റേതല്ല

ഉത്സവപ്പിറ്റേന്നു കൊടുംകാറ്റ് കൂട് കെട്ടുന്ന മരക്കൊമ്പ് തേടിയ
അമ്മ , തലയിണയ്ക്കടിയില്‍ വെച്ചു പോയ  കടലാസിലെ
പിടിവള്ളി പൊട്ടിയ  നനഞ്ഞു പടര്‍ന്ന  വാക്കുകള്‍  -
"പൊറുക്കുക,  പൊറുക്കുക " ..ശേഷം അവ്യക്തം.
അമ്മ എഴുതി വെട്ടിക്കളഞ്ഞ അവസാന വരിയാണോ മൌനം.?
മൌനത്തിന്റ്റ് അമ്മ ആരാണ് ?

 മരണം പ്രസവിച്ചിട്ട വാക്കാണോ മൌനം ?

പൌര്‍ണമിയുടെ  മഞ്ചലില്‍ പ്രണയവും
മൌനത്തിന്റെ ശിരോവസ്ത്രം അണിഞ്ഞു യാത്ര ചെയ്യാറുണ്ട് .
ഇരുളും വെളിച്ചവും വായ്‌ പൊത്തി നിന്നിട്ടും
നക്ഷത്രങ്ങളിലേക്കു ഒളിച്ചോടാന്‍ ഭയന്ന ജീവിതം
ചുരുട്ടി എറിഞ്ഞ
മോര്‍ച്ചറിയിലേക്കുള്ള നോവാണോ മൌനം ?

മുള്‍ക്കിരീടത്തി
ന്‍റെയും ആണിമൂര്‍ച്ചയുടെയും
വിശുദ്ധമായ  അത്താഴവിരുന്നില്‍  എനിക്ക് വിളമ്പിയ
ഉപ്പു ചേര്‍ക്കാത്ത ഉദാരമായ സഹതാപം .
പ്രജ്ഞയില്‍ നിശബ്ദതയുടെ  ഒരില പൊടിയുന്നു
ഒറ്റ ഇലയുള്ള മഹാ വൃക്ഷമായി പന്തലിക്കുന്നു
അതില്‍ വംശ നാശം വന്ന അസംഖ്യം വാക്കുകള്‍
ചുള്ളിക്കമ്പുകള്‍ കൊണ്ട് പണിഞ്ഞ  ഒഴിഞ്ഞ കൂട്

എനിക്കറിയാം ..
ചിറകില്ലാത്ത പറവയ്ക്ക്  
ആകാശം  കൊടുക്കുന്ന എന്തോ അതാണ്‌   മൌനം .
 
അതേ ,മൌനത്തിന്റെ മൌനമാണ് മൌനം
 

Wednesday, December 21, 2011

ഒരു (ഡിസംബര്‍ ) തുള്ളി രക്തം

കണ്പീലികളുടെ നാമ്പുകള്‍ക്കിടയിലൂടെ
കനവിന്‍റെ സല്ലാപം
തഴുതിടാത്ത വാതിലില്‍ മഞ്ഞു 

പേര് ചൊല്ലി  മുട്ടി വിളിച്ച ഡിസംബറില്‍ 
മാനത്ത് നിന്നും മലയിറങ്ങി വന്ന
കിളിച്ചുവടുകള്‍ പുലരിവാക്കുകളാല്‍  കളം എഴുതി .
അരിമണികള്‍ കൊത്തിപ്പെറുക്കുംപോള്‍
ചുണ്ടുകളില്‍ കുറുകുന്ന ഹൃദയകാവ്യം
ക്രിസ്മസിന്റെ ജീവസന്ദേശം നല്‍കി ചിറകടിച്ചു .
കുരിശിലേക്കു പറന്നിരുന്നു-
ഒരു തുള്ളി രക്തം 


Saturday, December 17, 2011

ഞാന്‍ വസന്തമായത് ആര്‍ക്കു വേണ്ടി?

1.
മഴയുടെ ആശിര്‍വാദത്തില്‍ 
വെളിച്ചം പുതപ്പിനുള്ളില്‍ കയറി 
കട്ടികൂടിയ കുളിര് കൂട്ട് ചോദിച്ചു
കൈ നീട്ടിയപ്പോള്‍ നനവ്‌.
"ആരാണ് കരഞ്ഞത് ?"


2.
പകലിനു പരാതി -

ജീവിതം വഴി  മുട്ടി
വെളിച്ചം മിഴി പൂട്ടി .
സന്ധ്യ പറഞ്ഞു :-
"വഴിയില്‍ കൊഴിഞ്ഞു വീണ കൃഷ്ണമണി
നമ്മുടേതല്ല "


3
ഇന്നും കഞ്ഞീം കറീം വെച്ച്
കരിക്കലം പൊട്ടിക്കരഞ്ഞു
ഉണ്ണാന്‍ ആളില്ല
വെക്കാനും വിളമ്പാനും ഏറെ 


4
ഞായറാഴ്ച മഴയ്ക്ക്‌ അവധി ഇല്ല
തോരാതെ പണി ചെയ്തു
പണി ചെയ്തു തോര്ന്നവള്‍ക്ക് പനിമഴ  ! 


5
കറന്റ്  പോയപോലെ  പോയ  ഒരാള്‍
തിരിച്ചു വരുന്നതും
പോയപോലെ .

ആഗ്രഹം മിന്നി മിന്നി കാത്തു കാത്തിരുന്നു.
വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും
സ്വിച്ച് ഒന്നാണെന്ന് പരിഭവം 


7
വസന്തത്തില്‍  അന്തമുന്ടെന്നും ഇല്ലെന്നും കാറ്റ് പറഞ്ഞു
ആരാ ഈ കൂനികാറ്റിന്റെ ഉറ്റ ചെങ്ങാതി? നീയാവില്ല ..

എനിക്കറിയാം എന്‍റെ വസന്തം -
ഒരു കാറ്റിനും കൈ നോക്കി പറയാനോ
കടപുഴക്കി കളയാനോ ആവാത്തത് .
ആര്‍ക്കു വേണ്ടിയാണ് ഞാന്‍ വസന്തമായത്
എന്നു കാറ്റ് ഇപ്പോള്‍ കുശുമ്പു ചോദിക്കുന്നു  



8
കണ്ണെന്നും പൊന്നെന്നും 
ഇല പൂവിനോട് പറഞ്ഞു
പൊന്നെന്നും തേനെന്നും 
പൂവ് ശലഭത്തോടും
കൊഴിഞ്ഞത് വാക്ക്.
പൊട്ടിത്തെറിച്ച വിത്തില്‍ 
ഞാന്‍ തലോടിയ താരാട്ട് .
   







Sunday, December 4, 2011

ഒപ്പും പേരും

പൂക്കള്‍ക്ക് പുരാവസ്തുവിന്റെ മണം
ശ്വാസം വലിച്ചു പിടയ്ക്കുമ്പോള്‍ അതറിയാം



സൂര്യാഗ്നി ചുറ്റളവെടുത്തു അകക്കാംപിലൂടെ  തുളഞ്ഞു  പോയി  
പുലരിയുടെ ലിപികളില്‍ ചാരവും പുകയും 



കൃഷ്ണമണിക്കുള്ളില്‍  രക്തം ഉറവെടുക്കുന്ന രഹസ്യഗര്‍ത്തം   
അടച്ചു വെച്ച പുസ്തകം പോലെ   .
ദിനങ്ങള്‍ക്ക്‌ ചുവട്ടില്‍ പേരെഴുതി ഒപ്പിടാന്‍ കഴിയുന്നില്ല.