Thursday, January 3, 2013

നഗ്നതയാല്‍ അനുഗ്രഹിക്കപ്പെട്ടവളേ..

"അനുഗ്രഹിക്കപ്പെട്ടോളേ ,
എന്തു നീ തേടുന്നു?"
പകലിന്റെ പാളിയും
ഇരുളിന്റെ പാളിയും
മാറു ഞെരുങ്ങുമ്പോല്‍
ചേര്‍ത്തുകൊളുത്തിട്ട-
കത്തു നീ കത്തുമ്പോള്‍,
അന്തിവെളിച്ചം വാലാട്ടി 
വലം വെച്ചു നാളേറെ മുട്ടീം തട്ടീം
പൂച്ചകരഞ്ഞിട്ടും കൊതികൂമന്‍ മൂളീട്ടും
നാവിന്റെ തുമ്പിലഴകു വിരിഞ്ഞതു
കാതോരം ചുണ്ടോരം
പാറി നടന്നിട്ടും
നാടാകെ രാത്തോണി തുഴഞ്ഞു വന്നിട്ടും
താലത്തില്‍ താരകം നിലാപ്പട്ടു നീട്ടീട്ടും
പാതിരാപ്പൂന്തെന്നല്‍ മണിയറയൊരുക്കീട്ടും
പുറങ്കൈയാലേ പുരികച്ചുളിവാലേ
തകതിക കട്ടായം കരളുറപ്പാലേ
പരിചപിടിച്ചോളേ കന്നിപ്പെണ്ണേ
പാടത്തെ പാട്ടിന്റെ പച്ചക്കതിരായി
നിറഞ്ഞുവിളഞ്ഞവള്‍ നീയല്ലോ  പെണ്ണേ...


"അനുഗ്രഹിക്കപ്പെട്ടവളേ
നീയെന്തിനു  തടവറ തേടുന്നു  ?"

തീരത്തിരകള് മുടി കോതിക്കെട്ടീട്ടും
കടലോരം പൂക്കള്‍ തിരുമുടീല്‍ തിരുകീട്ടും
ഒതുങ്ങാതെ വഴങ്ങാതെ മുടിയിഴവിടര്‍ന്നാടി
ചുരുള്‍കാറ്റിലിളകിത്തുളളിത്തൂവിമറിയുന്നേ
കാടുലയും മാനത്താകെ കാര്‍കൂന്തല്‍  പെണ്ണേ..
.
"നഗ്നതയാല്‍ അനുഗ്രഹിക്കപ്പെട്ടവളേ
നീയെന്തിനു  തടവറ തേടുന്നു  ?"


കുടം പൊട്ടിത്തൂവെളളം തുടുതുടെ ചാറി
ഇടവപ്പാതിപ്പുരത്താളം മുറുകിത്തുടങ്ങി
മുട്ടോളം മൂവന്തിവെളളം പൊങ്ങി
അരയോളം രാപ്പാതിവെളളം പൊങ്ങി
ഏഴരവെളുപ്പിനു  മുലയോളം  പൊങ്ങി
മൂക്കോളം മലവെളളം മധുവെള്ളം പൊങ്ങി
നിറനനവിലും നിന്നുടല്‍ കത്തിക്കയറുന്നു
അകനിറവിലും പെണ്ണുടല്‍ കത്തിക്കയറുന്നു
ഉണര്‍വിന്റെ പൊരുളായി തേന്‍മാരി  പെണ്ണേ..

ഒരു തുളളി ഉടലില് ചിതറിമറിയുന്നു

മറുതുളളി ഉടലില് മടിയോടെ ചരിയുന്നു
ചെറുതുളളി ഉടലില്‍ വടിവായലിയുന്നു
നറുതുളളി ഉടലിന്റെയുളളം തടയുന്നു
ഉടലിന്റെ പൊരുളിലും
പൊരുളിന്റെയുടലിലും
തൂമണിത്തുളളികള്‍ 
തക തക തക തക..


"നഗ്നതയാല്‍ അനുഗ്രഹിക്കപ്പെട്ടവളേ
നീയെന്തിനു വസ്ത്രങ്ങളുടെ  തടവറ തേടുന്നു? "


5 comments:

ajith said...

അനുഗ്രഹിക്കപ്പെട്ടവളേ...!!
നല്ല കവിത

AnuRaj.Ks said...

യ്യോ....വസ്ത്രങ്ങളുടെ തടവറയില് നിന്നും പുറത്ത് ചാടുന്നത് രാത്രിയില് പോരായോ...

സൗഗന്ധികം said...

നാടന്‍ പാട്ടിന്റെ ചേലുള്ള കവിത.

ശുഭാശംസകള്‍ ............

drkaladharantp said...

അജിത്,അനു, സൗഗന്ധികം
അനുഗ്രഹിക്കപ്പെടട്ടവല്‍ക്കു കൂട്ടു വന്നതു നന്നായി. രാവിന്റെ തടവറയില്‍ പിടയാനോ അനൂ..

ബിന്ദു .വി എസ് said...

ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍
...................കോതി പ്പിന്നി ക്കെട്ടീട്ടും ....കൈ കൊണ്ട് ചേര്‍ത്തണച്ചിട്ടും ...ഒതുങ്ങാതെ ...കാര്‍മേഘം പോലെ മാനം നിറച്ച മുടിയിഴകള്...തരംഗങ്ങളിലെ പെണ്ണ് ....