Wednesday, August 14, 2013

നാം പതിഞ്ഞിടമിവിടം..

തിട്ടകളിടിയുമീ തീരത്തു വീണ്ടും സന്ധ്യകായുമ്പോള്‍
നീ വിരല്‍ ചൂണ്ടിക്കാട്ടുന്ന"തായവിടെ നോക്കൂ ..
കൈകള്‍ കോര്‍ത്തും തളിര്‍മനം ചേര്‍ത്തും
തിരതോല്കും തിരയായി നാം പതിഞ്ഞിടം.
കണ്ണിമവെട്ടാതെ സഹസ്രതാരങ്ങളിറുത്തതും
മൈലാഞ്ചിരാവുകളില്‍ നിലാക്കടലായതും
മാരുതചാരുവിരലുകള്‍ മുടിയിഴകളില്‍ തിരയായ്
ആഴിയെ പരിഹസിച്ചു ചിരിച്ചു തോല്പിച്ചതും
കരമണ്ഡപത്തില്‍ കാല്‍വെക്കും കതിര്‍ വെളിച്ചത്തിന്‍
മുത്തുതിരും തീരമായി, തീരത്തിന്‍ ധ്യാനമായി,
ധ്യാനക്കടലായി, കടലിന്നാനന്ദാതീതഭാവമായി
നാമന്യോന്യം കാതില്‍ സാഗരരാഗങ്ങളായി,
രാഗവിവശമായി പുണര്‍ന്നു പൂര്‍ണമായോരിടം"

ഒരുകൂരക്കു കീഴിലടമഴത്തണുപ്പിലൊന്നിച്ചുണ്ടു
റങ്ങിയതോര്‍മയില്‍ താഴിട്ടുടച്ചാലുമന്തരംഗം
ഈ വിളിക്കൊളുത്തില്‍ പിടയാതിരിക്കില്ല,
മടങ്ങാന്‍ തുടിക്കാതിരിക്കില്ല,
വീണ്ടുമെത്തുമോ നിഴലടങ്ങിയ തീരത്തി-
ലിവിടെ മരണമാരെയാദ്യം വിളിച്ചലും.?

6 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒത്തൊരുമയുള്ള ദമ്പതിമാരെപ്പോലെ സംതൃപ്തിയും സൗന്ദര്യവും ഉള്ള വരികള്‍

സൗഗന്ധികം said...

തീർച്ചയായുമെത്തുമായിരിക്കും.എത്തണമല്ലോ.കാരണം,നിങ്ങൾ തൻ രണ്ടാത്മാക്കൾ,പ്രപഞ്ചതാളത്തിൻ സമാവൃത്തിയിൽ സ്പന്ദിച്ചയിടമല്ലേ? ഒരു പുനർയാത്ര തൻ സമാരംഭവും,നിങ്ങളവിടെ നിന്നു തന്നെയാഗ്രഹിക്കുന്നത് സ്വാഭാവികം തന്നെ.

നല്ല കവിത.വരികൾ


ശുഭാശംസകൾ...

ajith said...

ഒരുകൂരക്കു കീഴിലടമഴത്തണുപ്പിലൊന്നിച്ചുണ്ടു
റങ്ങിയതോര്‍മയില്‍ താഴിട്ടുടച്ചാലുമന്തരംഗം
ഈ വിളിക്കൊളുത്തില്‍ പിടയാതിരിക്കില്ല,
മടങ്ങാന്‍ തുടിക്കാതിരിക്കില്ല,

എത്ര മനോഹരകവിത!

AnuRaj.Ks said...

കൊള്ളാം..ഇഷ്ടപ്പെട്ടു

drkaladharantp said...

ചങ്ങാതികളേ നിങ്ങള്‍തന്‍ വാക്കുകളെന്‍ ഹൃത്തില്‍ മുത്തായി...

ബിന്ദു .വി എസ് said...

നാം പതിഞ്ഞിടം ഇവിടം .