Wednesday, June 26, 2013

കറുത്ത ബാഡ്ജുളള മഴ


മഴയുടെ പ്രവേശനോത്സവം
പുതുമണ്ണില്‍ തുളളിക്കളി
ഇലകളില്‍ താളപ്പെരുമ
പുത്തന്‍ കുടകളില്‍ നിന്നും
പുഴയൊഴുക്കിലേക്ക്
കളിവള്ളങ്ങള്‍ .

രണ്ടാം ദിനവും 
സ്കൂളിലേതു പോലെ.
ആദിത്യനെ പുതപ്പിച്ചു കിടത്തും
അമ്പിളി ഹാജര്‍ പറയാനില്ല..
പുരകവിഞ്ഞ് പുരം കവിഞ്ഞ്
നായയുടെ ഓരിക്കും മുകളിലൂടെ...
പുഴയുടെ പാഠം ഇങ്ങനെയാണ്
മഴയ്ക കറുത്ത ബാഡ്ജ് കുത്തി
അവധി കൊടുക്കുക.

Saturday, June 8, 2013

ഈ മഴ തോര്‍ന്നേക്കാം


തൂവെളിച്ചം ചുരുണ്ടുകൂടീട്ടകത്തേക്കു പോകുന്നേ
തൂത്തുകൂട്ടിയ പൂമുറ്റം ചിറകടിച്ചു പായുന്നേ
മുത്തശ്ശി ശപിക്കുന്നേ,കാറ്റു ചിരിക്കുന്നേ 
കരിങ്കോലക്കണ്ണിലഗ്നി തപ്പുുമേളം മുഴക്കുന്നേ 
മാനത്തു കുസൃതിസ്നേഹം കൂട്ടമായി വരവായേ.

ചെറുതുളളി തൊടുന്നേരമിലത്തുളളിക്കുളിരുമ്പോള്‍
പൂമാരിവിരല്‍ത്തരിപ്പാല്‍ കതിരാടിത്തെളിയേണം.
ഈ മഴ പൂമഴയില്‍ നനനൃത്തമാടണം
ഉടലാകെ കുതിര്‍ മഴ അകമെല്ലാം നിറമഴ
ഇരുളിന്റെ കുന്നേറി തെയ്യമാടും കാറ്റിനൊപ്പം
മുടി വീശി ദിക്കു തൊട്ടു കൈവീശി ദിക്കു തൊട്ടു
പാവാട വട്ടംചുറ്റിവീശി മഴച്ചിലങ്ക കെട്ടിയാടി
മദനൃത്തമാടണം മേഘസാരം നുണയണം
പൂത്തുനില്ക്കും പൂമരമായി‍ട്ടുലഞ്ഞാടിപ്പൊഴിയണം

നെറുകയില്‍ നീരിറിഞ്ഞ് ,
ചെവിമടക്കില്‍ തുളുമ്പിത്തൂങ്ങി,
കണ്‍പീലിത്തുമ്പിലാടിയാടി,
കവിളഴകില്‍ കനിവലൂറിയൂറി
നാസികത്തുമ്പിലൂര്‍ന്ന് മിന്നി,
അധരങ്ങള്‍ തൊട്ടുഴിഞ്ഞഴിഞ്ഞ്
നിറമേഘമുലക്കച്ചയഴിഞ്ഞതിമധുര
മമൃതധാര,ഗഗനകാനനതലങ്ങള്‍ തഴുകി,
പൊക്കിള്‍ത്തടം കവിഞ്ഞൊഴുകി
ഉടലാകെ ഈ മഴ പേമഴ 
മനനൃത്തമാടണം

ഈ മഴ തോര്‍ന്നേക്കാം
മനമെല്ലാം ചോര്‍ന്നേക്കാം
പെയ്തു പെയ്തു തോരുമ്പോള്‍
മഴപ്പാറ്റയായേക്കാം
കാക്കക്കരിങ്കാക്ക
ചിറകു മുറിച്ചെറിഞ്ഞേക്കാം
മഴവഴിയില്‍ ചെളിവെളളം,
പാതയോരയോടവെളളം.
പഴിവെളളം വീണേക്കാം
മിഴിത്തുളളി കവിഞ്ഞേക്കാം.
പെണ്ണിന്റെ മഴയെല്ലാം
മണ്ണിന്റെ പിഴവാണോ?

എങ്കിലും പൊഴിയട്ടേ
കൊതിമഴ പൊതിയട്ടേ
കൊഴിയാത്ത പൂവുണ്ടോ?
കൊതിതീരാ മഴയുണ്ടോ?