Sunday, January 5, 2014

ശിരുവാണിയും ഞാനും


ശിരുവാണിയെന്നാല്‍ നിറത്തണുപ്പാണ്.
ഓളങ്ങള്‍ ബലാത്തുടി കൊട്ടുന്ന പുലരിയില്‍
മഞ്ഞിന്റെ മേലാടയ്കടിയില്‍ കുഞ്ഞുമത്സ്യങ്ങള്‍
വെള്ളാരങ്കല്ലുകളിലെ ഇരുളമൊഴിമുദ്രകളിലൊട്ടിച്ചേര്‍ന്ന്
സ്നേഹകാവ്യം വായിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .

കടുംചേല ചുറ്റി, ചുവന്നതിലകം തൊട്ട്, കനവുമാലയിട്ട 
കാട്ടുചെടികളുടെ ഒളിനോട്ടം വകവെക്കാതെ,
പുഴമേലൊരു പാലം തീര്‍ത്ത് അതിരാവിലെ
പൂങ്കാറ്റും തൂവെളിച്ചവും പുണര്‍ര്‍ര്‍ന്നു നടക്കുന്നതും 
ഞാന്‍ കണ്ടു നിന്നിട്ടുണ്ട് 

ആലിലകളനുഗ്രഹിക്കുന്ന കര്‍ക്കിടകമാസാന്ത്യവെളളിയില്‍
ശിവന് തിനയും തേനും നിവേദിച്ച് അമ്പിളി നീരാടുന്നതും 
ഞാന്‍ കണ്ണു പറിക്കാതെ നോക്കി നിന്നിട്ടുണ്ട്

നീലപ്പീലിക്കണ്ണുകളില്‍ കാനനമുകിലുകളുടെ താളത്തിനൊപ്പം
പുഴയില്‍ മഴയുടെ മയിലാട്ടവും മനംനിറഞ്ഞു കണ്ടതാണ്

ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല 
കാരണം
മല്ലികയും മല്ലീശ്വരനും മലമുടിയല്‍ നിന്നും
ഒഴുകി മുഴുമിപ്പിക്കാന്‍ കൊതിച്ച (എന്റെ കൂടി)ജീവിതമാണ്
ശിരുവാണി  

8 comments:

ajith said...

കവിതയായ് ശിരുവാണി

ബൈജു മണിയങ്കാല said...

ആലിലകൾ അനുഗ്രഹിക്കുന്ന കവിതയുടെ തണുത്ത കാറ്റ്

സൗഗന്ധികം said...

തടഞ്ഞതില്ല നിൻ ഗതി,
സ്വയംവരാഭിലാഷിണീ
മാറിലാഴിയേന്തിടും,
മഞ്ജുഗാനമഞ്ജരീ.......

കവിതയായ് ശിരുവാണി

ശുഭാശംസകൾ....


ബിന്ദു .വി എസ് said...

ശിരുവാണി പൂങ്കാറ്റും തൂവെളിച്ചവും പുണരുന്ന പുലരിയുടെ നെഞ്ചിലേക്ക് ഓളത്തുടിയായി മിടിച്ചണയുന്നതു കണ്ടു വീണ്ടും കവിതയില്‍ .

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനോഹരം..വരികളും ചിത്രവും..

drkaladharantp said...

അജിത്, ബൈജു ,ബിന്ദു, ആറങ്ങാട്ടുകര, സൗഗന്ധികം
ശിരുവാണിയും ഞാനും നിങ്ങളും ഒന്നാണെന്നെഴുതിയതല്ലേ ഈ പ്രതികരണങ്ങള്‍? നമ്മുടെ മനപ്പൊരുത്തത്തിന് ആരോടാണ് നന്ദി പറയേണ്ടത്?

Akakukka said...

ശിരുവാണി...
മനോഹരം
അഭിനന്ദനങ്ങള്‍

Unknown said...

ഗതകാല സ്മരണകള്‍ വളരെ സുന്ദരമായവാക്മയചിത്രമാക്കിയിരിക്കുന്നു.